യാങ്കൂൺ: മ്യാന്‍മറിൽ വാർത്താവിലക്ക് കർശനമാക്കുന്നതിന്റെ ഭാഗമായി പട്ടാള ഭരണകൂടം ബ്രോഡ്ബാൻഡ് സർവീസ് തടഞ്ഞു. ഇതോടെ ഇടയ്ക്കിടെ എങ്കിലും ലഭിച്ചിരുന്ന ഇന്റെർനെറ്റ് കണക‍്ഷനും ഇല്ലാതായി. വിദേശ ചാനലുകളുടെ പരിപാടികൾ ലഭ്യമാക്കിക്കൊണ്ടിരുന്ന സാറ്റലൈറ്റ് ഡിഷുകൾ പിടിച്ചെടുക്കാനും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ജനാധിപത്യം അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനെതിരെ ആരംഭിച്ച സമരം കടുത്ത അടിച്ചമർത്തലിലും ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിനിടെ പൊലീസിന്റെയും പട്ടാളത്തിന്റെയും വെടിയേറ്റ് അറുന്നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.
സമൂഹമാധ്യമങ്ങൾക്ക് നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. ചില ഓൺലൈൻ വാർത്താ സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്.