സൈനിക വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയ വെബ്‌സൈറ്റില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ പ്രതിരോധ മന്ത്രാലയ വെബ്‌സൈറ്റില്‍നിന്നു നീക്കി കേന്ദ്രസര്‍ക്കാര്‍. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നു ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കിയിരിക്കുന്നത്.

2017-നു മുമ്പുള്ളവ നേരത്തെയും വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നില്ല. 2020 ജൂണിലെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ മന്ത്രാലയം എടുത്തുമാറ്റുകയായിരുന്നു. 2017 ലെ ദോക്ലാം പ്രതിസന്ധിയുടെ സമയത്തേത് ഉള്‍പ്പെടെ പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയം തയാറായിട്ടില്ല. ഈ മാസം തന്നെ മുന്‍ റിപ്പോര്‍ട്ടുകളെല്ലാം വെബ്‌സൈറ്റില്‍ തിരികെയെത്തുമെന്നാണു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.

Top