ന്യൂഡല്‍ഹി: വനിതാ പൊലീസ് തസ്തികയിലേക്ക് കരസേന പുറപ്പെടുവിച്ച നൂറ് പേരുടെ ഒഴിവിലേക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷം പേര്‍. മിലിട്ടറി പൊലീസ് തസ്തികയിലേക്ക് ആദ്യമായാണ് വനിതകള്‍ക്കായി കരസേന റിക്രൂട്ട്മെന്റ് നടത്തുന്നത്.
അംബാല, ലഖ്നൗ, ജബല്‍പുര്‍, ബെല്‍ഗാം, ഷില്ലോങ് എന്നിവിടങ്ങളില്‍ വെച്ച് നടത്തുന്ന റിക്രൂട്ട്മെന്റ് റാലികളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു കൊണ്ട് കോള്‍ലെറ്റര്‍ അയക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. റിക്രൂട്ട്മെന്റ് റാലിയുടെ ആദ്യഘട്ടം കര്‍ണാടകത്തിലെ ബെല്‍ഗാമില്‍ ജൂലായ് അവസാനവാരം നടത്തുമെന്നാണ് പ്രാഥമിക വിവരം.
കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ നോക്കുന്നത് മിലിട്ടറി പൊലീസാണ്. പി.ബി.ഒ.ആറില്‍പ്പെട്ട ഈ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രമേ ഇതുവരെ നിയമിച്ചിരുന്നുള്ളൂ. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പൊലീസ് സഹായം നല്‍കുക, അതിര്‍ത്തികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ സ്ത്രീകളെ പരിശോധിക്കുക എന്നിവയാണ് പി.ബി.ഒ.ആര്‍. വിഭാഗങ്ങളുടെ പ്രധാന ചുമതലകള്‍.
കൂടാതെ, യുദ്ധകാലത്ത് യുദ്ധത്തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകളും ഇവര്‍ നടത്തും. കോംഗോ, സൊമാലിയ, റുവാണ്‍ഡ, സിയെറാ ലിയോണ്‍ എന്നിവിടങ്ങളിലെ ഐക്യരാഷ്ട്രസഭാ ദൗത്യസംഘങ്ങളുടെ ഭാഗമാണ് മിലട്ടറി പൊലീസ്.