ഇസ്രേലി സേന അധിനിവേശ വെസ്റ്റ്ബാങ്കിലെ ഇബ്ൻ സീന ആശുപത്രിയിൽ രഹസ്യ റെയ്ഡ് നടത്തി മൂന്നു തീവ്രവാദികളെ വധിച്ചു. പലസ്തീൻ ഇസ്ലാമിക് ജിഹാദ് സംഘടനയിലെ രണ്ട് അംഗങ്ങളും ഹമാസിന്റെ ഒരു പ്രവർത്തകനുമാണു കൊല്ലപ്പെട്ടത്. ഇരു സംഘടനകളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വനിതകളടക്കം പത്തംഗ ഇസ്രേലി സൈനികസംഘം ആശുപത്രി ജീവനക്കാരുടെയും മറ്റു സാധാരണക്കാരുടെയും വേഷത്തിൽ ആശുപത്രിയിൽ പ്രവേശിച്ച് തീവ്രവാദികളെ വധിക്കുകയായിരുന്നു. സൈനികർ ആയുധങ്ങളുമായി ആശുപത്രി ഇടനാനാഴിയിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
തീവ്രവാദികൾ ആശുപത്രിയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും ഒരാൾ ആക്രമണത്തിനുള്ള ഒരുക്കത്തിലായിരുന്നുവെന്നും സൈന്യം പറഞ്ഞു.
അതേസമയം, ഇസ്രേലി സേന ആശുപത്രിക്കുള്ളിൽ കൂട്ടക്കൊല നടത്തിയതായി പലസ്തീൻ അഥോറിറ്റിയുടെ ആരോഗ്യമന്ത്രാലയം ആരോപിച്ചു. രണ്ടു പേർ സഹോദരങ്ങളായിരുന്നുവെന്നും ഒരാൾ ഒക്ടോബർ അവസാനം മുതൽ ആശുപത്രിയിൽ ചികിത്സ തേടുന്നതാണെന്നും ഇസ്ലാമിക് ജിഹാദ് സംഘടന പറഞ്ഞു.
ഒക്ടോബർ ഏഴിനുശേഷം ഇസ്രേലി സേന വെസ്റ്റ് ബാങ്കിൽ 357 പലസ്തീനികളെ വധിച്ചിട്ടുണ്ട്. അധിനിവേശ ഇസ്രേലികൾ കുറഞ്ഞത് ഏഴു പാലസ്തീൻകാരെ കൊന്നു. പലസ്തീനികൾ ഇക്കാലയളവിൽ പത്ത് ഇസ്രേലികളെയും വധിച്ചു.