ഖത്തര്‍: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 84 ശതമാനം വളര്‍ച്ചയുമായി പാലുല്‍പ്പാദനത്തില്‍ ഖത്തര്‍ ഒന്നാമത്. ജിസിസി രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഖത്തര്‍ സ്വന്തമായി പാലുല്‍പ്പാദനരംഗത്തേക്ക് തിരിഞ്ഞത്.
രാഷ്ട്രീയ കാരണങ്ങളാല്‍ സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം നിലച്ചത് രാജ്യത്തേക്കുള്ള പാലുല്‍പ്പന്നങ്ങളുടെ കയറ്റുമതിയായിരുന്നു. സൗദി കമ്പനിയായ അല്‍ മറായിയായിരുന്നു ഖത്തറിലേക്ക് പാലും ഇതര ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്തിരുന്നത്.
ബലദ്‌നാ എന്ന സ്വന്തം പാലുല്‍പ്പാദന കമ്പനിക്ക് ഖത്തര്‍ രൂപം നല്‍കി. തുര്‍ക്കി, ന്യൂസിലന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ഗുണമേന്മയുള്ള പശുക്കളെയും മറ്റ് അസംസ്‌കൃത വസ്തുക്കളും ഇറക്കി. അങ്ങനെ തുടങ്ങി ഒറ്റ വര്‍ഷത്തിനകം തന്നെ പാലുല്‍പ്പാദനത്തില്‍ നൂറ് ശതമാനം സ്വയംപര്യാപ്തതയിലേക്ക് ഖത്തര്‍ കുതിക്കുകയാണ്.
ഉപരോധത്തിന്റെ ആരംഭ ദശയായ കഴിഞ്ഞ മേയില്‍ 28 ശതമാനം വളര്‍ച്ചയാണ് പാലുല്‍പ്പാദനത്തിലുണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം മെയോടെ അത് 84 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിനാവശ്യമായ പാലിന്റെയും ഇതര ഉല്‍പ്പന്നങ്ങളുടെയും മുക്കാല്‍ പങ്കും ബലദ്‌നയ്ക്ക് തന്നെ നല്‍കാന്‍ കഴിയുന്നുണ്ട്. പുതിയ നാല് ഉല്‍പ്പന്നങ്ങളാണ് വരും മാസങ്ങളില്‍ ബലദ്‌ന പുറത്തിറക്കാന്‍ പോകുന്നത്. കൂടാതെ എല്ലാ വിധ പ്രോത്സാഹനങ്ങളും സഹായങ്ങളും നല്‍കി രാജ്യത്തിന്റെ പ്രാദേശിക ക്ഷീരോല്പാദന മേഖലയെ വളര്‍ത്തിക്കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
പശുക്കളെയും ഒട്ടകങ്ങളെയും വളര്‍ത്തുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളും സാമ്പത്തിക സഹായങ്ങളും ഒരുക്കിക്കൊടുക്കും. നിലവില്‍ 40000 പശുക്കളും, എഴുപതിനായിരം ഒട്ടകങ്ങളുമാണ് രാജ്യത്തെ ക്ഷീരോല്പാദന മേഖലയിലുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എഴുപത് മില്യണ്‍ റിയാലാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കായി ക്ഷീരോല്‍പ്പാദന മേഖലയുടെ വളര്‍ച്ചയ്ക്കായി ഖത്തര്‍ മുനിസിപ്പാലിറ്റി വകയിരുത്തിയിട്ടുള്ളത്.