കോടികളുടെ മരങ്ങള്‍ മുറിച്ച് കടത്തി; ബിജെപി എംപിയുടെ സഹോദരന്‍ അറസ്റ്റില്‍

ബെംഗളൂരു : കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ച് കടത്തിയ കേസില്‍ ബിജെപി എംപിയുടെ സഹോദരന്‍ അറസ്റ്റില്‍. പാര്‍ലമെന്റ് ആക്രമണ കേസ് പ്രതികള്‍ക്ക് പാസ് നല്‍കി വിവാദത്തിലായ ബിജെപി എംപി പ്രതാപ് സിംഹയുടെ സഹോദരന്‍ വിക്രം സിംഹയെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹാസന്‍ ജില്ലയിലുള്ള വനത്തില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് കേസ്. ബിജെപി എംപിയുടെ സഹോദരന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. വിക്രം സിംഹയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇലക്ട്രോണിക് നിരീക്ഷണം വഴി വിക്രം ബംഗളൂരുവില്‍ ഉണ്ടെന്ന് കണ്ടെത്തി.

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ സംഘടിത ക്രൈം സ്‌ക്വാഡിനെ സമീപിക്കുകയും സംയുക്ത ഓപ്പറേഷനിലൂടെ വിക്രം സിംഹയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ തുടര്‍നടപടികള്‍ക്കായി ഇയാളെ ഹാസനിലേക്ക് കൊണ്ടുപോകും. പാര്‍ലമെന്റ് സുരക്ഷാ വീഴ്ച്ചയിലെ തന്റെ പങ്കിനെക്കുറിച്ച് പ്രതിപക്ഷം ആക്രമണം ശക്തമാക്കുന്നതിനിടെയാണ് പ്രതാപ് സിംഹയുടെ സഹോദരന്റെ അറസ്റ്റ്. പുതിയ സംഭവം ബിജെപി എംപിയുടെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്. ഡിസംബര്‍ 13 ന് ലോക്‌സഭയിലേക്ക് അതിക്രമിച്ച് കയറിയ പ്രതിഷേധിച്ചവരില്‍ ഒരാള്‍ പ്രതാപ് സിംഹയുടെ ഓഫീസ് നല്‍കിയ സന്ദര്‍ശക പാസ് കൈവശം വച്ചിരുന്നു.

Top