തിരുവനന്തപുരം: മില്‍മ പാലിന് വില വര്‍ധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്നുമുതല്‍ നിലവില്‍ വരും. നീല കവര്‍ പാലിന് (ടോണ്‍ഡ് മില്‍ക്ക്) 21 രൂപയും മഞ്ഞ കവര്‍ (ഡബിള്‍ ടോണ്‍ഡ്) പാലിന് 19.50 രൂപയുമായാണു വര്‍ധിപ്പിച്ചത്.
തൈര് വില 450 ഗ്രാം പാക്കറ്റിന് 22 രൂപയും 500 ഗ്രാം പാക്കറ്റിന് 25 രൂപയുമായി ഉയരും. മൂന്നു ശതമാനം കൊഴുപ്പും 8.5 ശതമാനം എസ്എന്‍എഫുമുള്ള ഹോമോജെനൈസ്ഡ് നീല കവര്‍ പാലിന്റെ വില 19 രൂപയില്‍ നിന്ന് 21 രൂപയായാണ് ഉയരുക.
പുതിയ വില രേഖപ്പെടുത്തിയ കവര്‍ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളാകും വിപണിയിലെത്തുന്നത്.
മില്‍മ പാലിന്റെ വില ലിറ്ററിന് 36ല്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിക്കുമ്പോള്‍ അധികമായി ലഭിക്കുന്ന നാലു രൂപയില്‍ ഏറ്റവും കുറഞ്ഞത് 3.35 രൂപ ക്ഷീരകര്‍ഷകനും 16 പൈസ ക്ഷീരസംഘത്തിനും 16 പൈസ വിതരണ ഏജന്റിനും 0.75 പൈസ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന് അംശാദായമായും കിട്ടും. ബാക്കി തുക ഡെയറികളുടെ പ്രവര്‍ത്തനത്തിനും ക്ഷീര സംഘങ്ങള്‍ക്കുമായും നല്‍കും.
ക്ഷീരസംഘങ്ങളില്‍നിന്നു കര്‍ഷകര്‍ക്കു ലഭിക്കുന്ന വില ലിറ്ററിന് 30.12 രൂപയില്‍ നിന്ന് 34.14 രൂപയായി ഉയരും. പാലിന്റെ കൊഴുപ്പിന്റെ അളവിന് ആനുപാതികമായി ഇതില്‍ വ്യത്യാസമുണ്ടാകും. സംഘങ്ങള്‍ക്ക് ഇപ്പോള്‍ മില്‍മയില്‍ നിന്നു ലഭിക്കുന്ന തുക 31.50 രൂപയില്‍ നിന്ന് 35.87 രൂപയായി വര്‍ധിക്കും.