കോഴിക്കോട്: ക്ഷീരകര്‍ഷകരുടെ വീടും കന്നുകാലികളെയും തൊഴുത്തും ഇന്‍ഷൂര്‍ ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ട് മില്‍മ മലബാര്‍ യൂണിയന്‍. പശുക്കളുടെയോ എരുമകളുടെയോ മരണംമൂലമോ സ്ഥിരമായ അംഗവൈകല്യം മൂലമോ കര്‍ഷകനുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനാണ് കന്നുകാലി ഇന്‍ഷൂറന്‍സ് മില്‍മ കൊണ്ടു വന്നത്.
ഒരു കര്‍ഷകന്റെ പരമാവധി അഞ്ചു കന്നുകാലികള്‍ക്കാണ് ഇന്‍ഷൂറന്‍സ് സുരക്ഷ നല്‍കുക.പ്രകൃതിദുരന്തം തീപിടുത്തം അപകടങ്ങള്‍ എന്നിവ മൂലം കര്‍ഷകരുടെ വീടിനും തൊഴുത്തിനുമുണ്ടാകുന്ന നാശനഷ്ടങ്ങളും ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍ഷൂറന്‍സ് പ്രീമിയം ഇനത്തില്‍ 50 ലക്ഷം രൂപയാണ് മില്‍മ ചെലവിടുന്നത്.
ഓരോ കറവമാടിനും 200 രൂപ നിരക്കിലും വീടിന് 50 രൂപയും തൊഴുത്തിന് 30 രൂപ നിരക്കിലും മില്‍മ സബ്സിഡി അനുവദിക്കുമെന്ന് മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ. എസ് മണി, എം.ഡി കെ.എം വിജയകുമാരന്‍ എന്നിവര്‍ അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ മില്‍മ യൂണിയനുകീഴിലെ സഹകരണസംഘങ്ങള്‍ക്ക് പാല് നല്‍കുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.
കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയത്തില്‍ കന്നുകാലികളും തൊഴുത്തും വീടും നശിച്ച് നൂറുകണക്കിന് ക്ഷീരകര്‍ഷകരാണ് ദുരിതത്തിലായത്. ഈ പ്രതിസന്ധിയില്‍ നിന്നും ക്ഷീരകര്‍ഷകരെ രക്ഷിക്കാനാണ് ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.