കൊച്ചി: മില്‍മ ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച അനിശ്ചിതകാല സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി കെ.സി.ജോസഫ്. ഡിസംബര്‍ 16ന് സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ മന്ത്രിയുടെ വാക്ക് അവഗണിച്ചും ജീവനക്കാരുടെ സമരം തുടരുകയാണ്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്ക് ആരംഭിച്ചത്.
ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളുടെ മാതൃകയില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, ക്ഷേമനിധി നടപ്പാക്കുക, പെന്‍ഷന്‍ പ്രായം 60 ആക്കുക, വെട്ടിക്കുറച്ച തസ്തിക പുനസ്ഥാപിക്കുക, നിയമനം പൂര്‍ണമായും പിഎസ്‌സിക്ക് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുമായി രംഗത്തിറങ്ങിയത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടാംതിയതി മുതല്‍ മില്‍മയുടെ ഓഫിസുകള്‍ക്ക് മുന്നില്‍ തൊഴിലാളികളുടെ സത്യഗ്രഹവും നടക്കുകയാണ്.
മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തീരുമാനങ്ങളൊന്നും ആകാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്കിറങ്ങിയത്. ഇതോടെ സംസ്ഥാനത്തെ പാല്‍ വിതരണം താറുമാറാകുകയും, കടുത്ത പാല്‍ക്ഷാമത്തിലേക്ക് കടക്കുമെന്ന അവസ്ഥയുമാണ്.