കോടിയേരി സഞ്ചരിച്ച മിനി കൂപ്പര്‍ വാഹനം നികുതി വെട്ടിച്ചാണ് ഓടുന്നതെന്ന് ആക്ഷേപം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി കയറിയ മിനി കൂപ്പര്‍ റജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിച്ച്.

നികുതി വെട്ടിക്കാനായി കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ്.

രജിസ്റ്റര്‍ ചെയ്തത് വ്യാജ വിലാസത്തിലാണെന്നും മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കു കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ ഉപയോഗിച്ച കാറിനെച്ചൊല്ലി നിരവധി വിവാദങ്ങളാണ് ഉയര്‍ന്നു വന്നത്.

നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പര്‍ കാറിലായിരുന്നു കോടിയേരിയുടെ സഞ്ചാരം.

അതേസമയം, വിവിധ വിമാനത്താവളങ്ങള്‍ വഴി 11.7 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഏഴാം പ്രതിയാണ് ഫൈസല്‍.

സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നാണ് കണ്ടെത്തല്‍.

സിപിഎം ജനജാഗ്രതായാത്രയില്‍ ഫൈസലിന്റെ കാര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

Top