നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ്; വിജ്ഞാപനം പുറത്തിറങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ്

nursesstrike

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്‌ക്കരിച്ചു കൊണ്ട് വിജ്ഞാപനം പുറത്തിറക്കിയതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍.

വിജ്ഞാപനം സര്‍ക്കാര്‍ പ്രസ്സില്‍ അച്ചടിച്ച് വരികയാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവിടെ പോയി നേരിട്ട് കാണാമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാപനം കാണാതെ ലോങ് മാര്‍ച്ചില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന യു.എന്‍.എ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശമ്പള വര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടെന്നാണ് അറിയിപ്പ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള മറ്റ് ജീവനക്കാരുടേയും ശമ്പളം വര്‍ധിപ്പിക്കും. സമരം എങ്ങനെയെങ്കിലും ഒഴിവാക്കുന്നതിന്റെ ഭാഗമായാണു സര്‍ക്കാര്‍ തിരക്കിട്ടു വിജ്ഞാപനമിറക്കിയത്.

രണ്ടര വര്‍ഷത്തോളം നീണ്ട നഴ്‌സുമാരുടെ സമരപോരാട്ടങ്ങള്‍ക്ക് ഒടുവിലാണു സര്‍ക്കാര്‍ തീരുമാനത്തോടെ വിജയത്തില്‍ എത്തിയിരിക്കുന്നത്. ജോലിക്കു കയറുമ്പോള്‍ തന്നെ ബിഎസ്‌സി ജനറല്‍ നഴ്‌സിന് 20,000 രൂപ ശമ്പളം ലഭിക്കും. നേരത്തെ 8975 രൂപയായിരുന്നു അടിസ്ഥാന ശമ്പളം. എഎന്‍എം നഴ്‌സുമാര്‍ക്ക് 10 വര്‍ഷം സര്‍വീസുണ്ടെങ്കില്‍ 20000 രൂപ ലഭിക്കും.

1-100 വരെ ബെഡുകളുള്ള ആശുപത്രികളില്‍ 20,000 രൂപ. 101-300 വരെ ബെഡിന് 22,000 രൂപ. 301-500 വരെ ബെഡ് – 24000 രൂപ. 501-700 വരെ ബെഡിന്- 26,000 രൂപ. 701-800 വരെ ബെഡിന് 28,000 രൂപ. 800ന് മുകളില്‍ ബെഡുകളുള്ള ആശുപത്രികളില്‍ 30,000 രൂപയും എന്നിങ്ങനെയാണ് ശമ്പളം ലഭിക്കുക.

newone

കൂടാതെ സര്‍വീസ് വെയിറ്റേജ്, ക്ഷാമ ബത്ത, ഇന്‍ക്രിമന്റ് എന്നിവയുമുണ്ടാകും. സ്വകാര്യ ആശുപത്രികളിലെ മറ്റു ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ചു. അതേസമയം,ശമ്പള വര്‍ധന ചെറിയ ആശുപത്രികള്‍ക്കു താങ്ങാനാകില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റുകളും വ്യക്തമാക്കി.

50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20000 രൂപ ശമ്പളമെന്ന സുപ്രീംകോടി സമിതിയുടെ നിര്‍ദേശം ഒരു വിഭാഗം നേതാക്കള്‍ഇടപ്പെട്ട് അട്ടിമറിച്ചതാണു തുറന്ന സമരത്തിനായിരുന്നു വഴി തുറന്നത്. പണിമുടക്കിക്കൊണ്ടു ചേര്‍ത്തലയില്‍നിന്നു രാവിലെ 10ന് ലോങ് മാര്‍ച്ച് ആരംഭിക്കാനുമായിരുന്നു തീരുമാനം. വനിതകള്‍ കൂടുതലുള്ള മാര്‍ച്ച് രാജ്യത്തുതന്നെ വലിയ ചര്‍ച്ചയാകാന്‍ സാധ്യതയുള്ളതുകൊണ്ടാണു വിജ്ഞാപനം ഇറക്കി പ്രശ്‌നപരിഹാരത്തിനു സര്‍ക്കാര്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയത്.

Top