minister AK Balan, criticize revenue and Forest Departments

പാലക്കാട് :കടപ്പാറ ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട് റവന്യൂ, വനം വകുപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി എ കെ ബാലന്‍ രംഗത്ത്.

ബിനോയ് വിശ്വവും, കെ പി രാജേന്ദ്രനും സ്വീകരിച്ച നിലപാടുകള്‍ നിലവിലെ റവന്യൂ, വനം മന്ത്രിമാരും സ്വീകരിക്കണമെന്നും, പാവങ്ങളെ മാവോയിസ്റ്റുകളാക്കുകയാണ് ചില ഉദ്യോഗസ്ഥരെന്നും എ കെ ബാലന്‍ പറഞ്ഞു.

ഒരു വര്‍ഷമായി പാലക്കാട് കടപ്പാറയിലെ 22 ആദിവാസി കുടുംബങ്ങള്‍ പ്രദേശത്തെ സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടി സമരത്തിലാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മന്ത്രി എ കെ ബാലന്‍ ഇടപെട്ട് ആദിവാസികള്‍ക്ക് ഭൂമി പതിച്ച് നല്‍കാന്‍ തീരുമാനിച്ചെങ്കിലും സിപിഐ മന്ത്രിമാരുടെ വകുപ്പുകളായ വനം, റവന്യൂ വകുപ്പുകള്‍ ഇതിന് അനുകൂല നിലപാട് സ്വീകരിക്കുന്നില്ല.

കടപ്പാറ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ വടക്കാഞ്ചേരിയില്‍ നടന്ന ഗദ്ദിക ആദിവാസി കലാമേളയിലെത്തിയ ആദിവാസികളെ പോരാട്ടം പ്രവര്‍ത്തകരെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിനെയും എ കെ ബാലന്‍ വിമര്‍ശിച്ചു. ഡിഎഫ്ഒയുടെ തെറ്റായ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കെ ഡി പ്രസേനന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം നെന്മാറ ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Top