സ്പ്രിംഗ്ലര്‍ കരാര്‍; ഐടി വകുപ്പിന്റെ നടപടിയോട് സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സ്പ്രിംഗ്ലറിന് കരാര്‍ നല്‍കിയ ഐടി വകുപ്പിന്റെ നടപടിയോട് സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. സ്പ്രിംഗ്ലര്‍ വിഷയത്തില്‍ ഐടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല.
ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രവര്‍ത്തനത്തിന് കമ്പനി പ്രാപ്തമാണോ എന്നതുമാത്രം നോക്കിയാല്‍ മതിയെന്ന് പറഞ്ഞ മന്ത്രി സേവനം വെറുതെ കിട്ടുന്നത് സ്വീകരിക്കുന്നതില്‍ എന്താണ് തടസമെന്നും ചോദിച്ചു.

സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ വകുപ്പും അറിയേണ്ടതില്ല.ഇടപാട് സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ഐടി വകുപ്പിന് തോന്നിയാല്‍ മാത്രമേ നിയമവകുപ്പ് ഇത് പരിശോധിക്കേണ്ടതുള്ളൂ. ഈ ഇടപാടില്‍ യാതൊരു അപാകതയും ഇല്ലെന്നാണ് ഐടി വകുപ്പിന്റെ നിലപാട് എന്നും മന്ത്രി പറഞ്ഞു.

സ്പ്രിംഗ്ലര്‍ കരാറുമായി ബന്ധപ്പെട്ട് നാളെ പ്രശ്‌നം വന്നാല്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല.അതിന്റെ ഉത്തരവാദിത്തം ഐടി വകുപ്പിന് മാത്രമായിരിക്കും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഐടി സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എഡിബി കരാറിന്റെ ഒരു രേഖപോലും സെക്രട്ടേറിയറ്റിലില്ലെന്ന് ഓര്‍ക്കണമെന്നും നിയമമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്പ്രിംഗ്ലര്‍ വിഷയത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മുഖ്യമന്ത്രിയെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഒട്ടേറെ അഗ്‌നിപരീക്ഷകള്‍ പിണറായി നേരിട്ടിട്ടുണ്ട്. ആരുടെയും കാരുണ്യവും തലോടലും കൊണ്ടല്ല അത് അതിജീവിച്ചതെന്നും മന്ത്രി പറഞ്ഞു.

സ്പ്രിംഗ്ലറിന് കരാര്‍ നല്‍കിയതില്‍ തെറ്റില്ല. പ്രതിപക്ഷത്തിന്റേതു തികച്ചും രാഷ്ട്രീയ ആരോപണമാണ്. അവര്‍ക്ക് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Top