ആലപ്പുഴ: സംസ്ഥാന സര്‍ക്കാരും കേരള ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി എ കെ ബാലന്‍. നിയമപരമായ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് നിയമപരമായി തന്നെ പരിഹരിക്കും. ഇതിന്റെ പേരില്‍ പ്രകോപനം ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുത്. പ്രശ്‌നം ഒരിക്കലും വ്യക്തിപരമല്ല എന്നും മന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ ഗവര്‍ണറും കേരള സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസത്തെക്കുറിച്ചാണ് മന്ത്രിയുടെ വിശദീകരണം. നിയമപരമായാണ് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തതും കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കിയതും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും സംസ്ഥാന സര്‍ക്കാരിന് അവകാശം ഉണ്ട്. സുപ്രീംകോടതിയില്‍ നിന്ന് എന്ത് തീരുമാനം വരുന്നു എന്ന് നോക്കിയാണ് ഇക്കാര്യത്തില്‍ തുടര്‍ നടപടി എടുക്കേണ്ടത്. അങ്ങനെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും എകെ ബാലന്‍ പറഞ്ഞു.
തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തില്‍ നിയമസഭയില്‍ ബില്ല് പാസാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. വാര്‍ഡ് വിഭജനം ഇടത് മുന്നണി അജണ്ടയാണെന്ന യുഡിഎഫ് വാദവും മന്ത്രി എകെ ബാലന്‍ തള്ളി.