സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ തയ്യാറെടുക്കുന്നതിനിടെ സുപ്രധാന തിരുമാനവുമായി സര്‍ക്കാര്‍. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു.

ഇന്നലെ ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വന്ന നിര്‍ദേശം മുഖ്യമന്ത്രിയും ധനവകുപ്പും അംഗീകരിച്ചു. സ്റ്റേജ്‌കോണ്‍ട്രാക്ട് ക്യാരേജുകളുടെ നികുതി അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ സാവകാശം നല്‍കിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

നേരത്തെ, ഗതാഗത വകുപ്പിന്റെ സ്റ്റുഡന്‍സ് ട്രാന്‍സ്പോര്‍ട്ട് പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നു.

നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും കൈമാറും.

വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരും. സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്കൂള്‍ അധികൃതരും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും. കെഎസ്ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും.

ബോണ്ട് സര്‍വ്വീസ് ആവശ്യമുള്ള സ്‌കൂളുകള്‍ അറിയിക്കണം. ഒക്ടോബര്‍ 20 മുന്നേ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പ് വരുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

Top