തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഫയൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിലാണ് കണ്ടതെന്ന് മന്ത്രി ആന്റണി രാജു. അദ്ദേഹം പരിശോധിക്കേണ്ട ഫയലായിരുന്നില്ല അത്. കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല. കെൽട്രോണുമായാണ് ഗതാഗത വകുപ്പ് കരാർ ഒപ്പിട്ടതെന്നും മന്ത്രി വിശദീകരിച്ചു. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി പറഞ്ഞു. കെൽട്രോണും കമ്പനികളുമായി ഒപ്പിട്ട ഉപകരാറിൽ ഗതാഗത വകുപ്പിന് ബന്ധമില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഫയൽ കണ്ടത് മന്ത്രിസഭാ യോഗത്തിൽ വെച്ചാണ്. മറ്റ് മന്ത്രിമാർ കണ്ടത് പോലെയാണ് മുഖ്യമന്ത്രിയും ഈ ഫയൽ കണ്ടത്.
മുഖ്യമന്ത്രിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് ചോദിച്ച മന്ത്രി ആന്റണി രാജു, മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവുമില്ലെന്നും പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫിനെ നയിക്കുന്ന നായകനാണ് മുഖ്യമന്ത്രി. അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതും മുൻപേ നടക്കുന്നതാണ്. ഈ ആരോപണങ്ങൾ കൊണ്ട് ജനങ്ങളെ കുറേ കാലത്തേക്ക് കബളിപ്പിക്കാനാവും. എന്നാൽ എല്ലാ കാലത്തേക്കും കഴിയില്ലെന്നും അന്ന് പ്രതിപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മോട്ടോർ വാഹന നിയമം മാറ്റാൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. 12 വയസിന് താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ധരിപ്പിച്ച് കൊണ്ടുപോകാൻ അനുവദിക്കണമെന്ന ആവശ്യം സംസ്ഥാനം കേന്ദ്ര സർക്കാരിന് മുന്നിൽ വെക്കും. ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴ ഒഴിവാക്കാനാവുമോയെന്ന് പരിശോധിക്കുമെന്ന് പറഞ്ഞ മന്ത്രി, രാജീവ് ഗാന്ധിയുടെ കാലത്ത് കൊണ്ടുവന്ന നിയമമാണിതെന്നും പറഞ്ഞു.
കെഎസ്ആർടിസിയടക്കം സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പുതിയ കേന്ദ്ര സ്ക്രാപ് പോളിസി അനുസരിച്ച് 15 വർഷം കഴിഞ്ഞാൽ പൊളിക്കണമെന്ന ചട്ടം മാറ്റണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാന സർക്കാരുകളുമായി ചർച്ച നടത്തി. സ്വകാര്യ വാഹനങ്ങൾക്ക് ഇക്കാര്യത്തിലുള്ള ഇളവ് സംസ്ഥാന സർക്കാരിന്റെ വാഹനത്തിനും ഇളവ് വേണമെന്നും അദ്ദേഹം പറഞ്ഞു.