ന്യൂഡല്‍ഹി: കേരളത്തിലെ പ്രമുഖ മന്ത്രിയുടെ മകളെ പ്രണയം നടിച്ച് വശത്താക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടിയെടുത്ത സംഭവം ഒതുക്കി തീര്‍ത്തത് ഐബി അന്വേഷിക്കുന്നു.
വളരെ ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും നിയമപരമായ നടപടിക്ക് തയ്യാറാകാതെ വന്‍തുക നല്‍കി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി നേരിട്ട് ഇടപെട്ടത് സംബന്ധിച്ചും തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുമാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കുന്നത്.
ഡല്‍ഹിയില്‍ പഠിക്കുന്ന നിരവധി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സമാനമായ അനുഭവങ്ങള്‍ മുന്‍പും ഉണ്ടായതായും അപമാനം ഭയന്ന് പുറത്ത് പറയാതിരിക്കുകയാണെന്നുമാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
മന്ത്രിയുടെ മകളെ മുന്‍നിര്‍ത്തി ബ്ലാക്ക്‌മെയില്‍ നടത്തിയവരെ കണ്ടെത്തുന്നതിനായി പ്രധാനമായും മകളുടെയും മന്ത്രിയുടെയും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച വിശദാംശം രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഒരു കുറ്റകൃത്യം നടന്നാല്‍ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍ ബാധ്യതപ്പെട്ടവര്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതും കുറ്റകൃത്യം തന്നെയാണെന്നാണ് ഐബി ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഒത്തുതീര്‍പ്പിന് നല്‍കാന്‍ മന്ത്രിക്ക് എവിടെ നിന്ന് പണം ലഭിച്ചുവെന്നതും ഗൗരവമായാണ് ഉദ്യോഗസ്ഥര്‍ കാണുന്നത്.
ഡല്‍ഹി പോലീസിനും ഐബി ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയതിനാല്‍ ശക്തമായ അന്വേഷണം ഇതുസംബന്ധമായി ഉണ്ടാകുമെന്നാണ് സൂചന.