തിരുവനന്തപുരം: പൂക്കോട് വെറ്ററനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡീനിനേയും അസിസ്റ്റന്റ് ഡീനിനേയും സസ്‌പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. നടപടിക്കായി പുതിയ വിസിയോട് വാക്കാല്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. പഴയ വി.സി നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ഡീനും അസിസ്റ്റന്റ് ഡീനും ആയിരുന്നു ഹോസ്റ്റല്‍ നോക്കേണ്ടവര്‍, അവരുടെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള നോട്ടമുണ്ടായില്ല. ഇരുവരുടെയും സസ്‌പെന്‍ഷന്‍ പ്രാവര്‍ത്തികമാക്കാന്‍ വന്നപ്പോഴാണ് നിലവിലെ വി.സിയെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തത്. പുതിയ വി.സിയോട് ഇക്കാര്യത്തില്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം വിസിയെ പുറത്താക്കിയ ഗവര്‍ണറുടെ തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. തന്നോടോ വകുപ്പിനോടോ സര്‍ക്കാരിനോടോ പോലും അഭിപ്രായം തേടിയില്ലെന്നും തീരുമാനം അറിഞ്ഞതുപോലും മാധ്യമങ്ങളിലൂടെയാണെന്നും മന്ത്രി പ്രതികരിച്ചു.
ഡീന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും കൃത്യമായി വിവരങ്ങള്‍ ധരിപ്പിച്ചില്ലെന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം ആര്‍ ശശീന്ദ്രനാഥും പ്രതികരിച്ചിരുന്നു. ഡീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രവേശിച്ച് സിദ്ധാര്‍ത്ഥന്റെ മൃതദേഹം അഴിച്ചിറക്കിയതെന്നാണ് വൈസ് ചാന്‍സലര്‍ പറഞ്ഞത്.