ഗവർണർക്കെതിരെ വിമർശനവുമായി മന്ത്രി കെ രാജൻ

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മന്ത്രി കെ രാജന്‍. ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പോര്‍മുഖം തുറക്കുകയാണെന്നും അദ്ദേഹം കരുതിയത് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാമെന്നാണെന്നും കെ രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. അതിനാണ് ഗവര്‍ണര്‍ കോഴിക്കോട് നഗരത്തില്‍ ഇറങ്ങിയത്.

അതേസമയം, സിപിഐ സംസ്ഥാന ഘടകത്തിന്റെ പുതിയ സെക്രട്ടറിയെ 28-ന് തിരഞ്ഞെടുക്കും. സെക്രട്ടറിയെ നിശ്ചയിക്കല്‍ അജണ്ടയാകുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, ആനി രാജ, രാമകൃഷ്ണ പണ്ഡെ എന്നിവര്‍ പങ്കെടുക്കും. ബിനോയ് വിശ്വം തന്നെ സെക്രട്ടറി സ്ഥാനത്ത് തുടരട്ടെയെന്നാണ് താല്‍പര്യമെങ്കിലും ആരുടെയും പേരുകള്‍ നിര്‍ദ്ദേശിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിലെ ധാരണ.

പൂരപ്പറമ്പില്‍ ആനയെത്തിയാല്‍ ആളു കൂടും. അതുപോലെയാണ് ഗവര്‍ണറുടെ കാര്യമെന്നും മന്ത്രി പരിഹസിച്ചു. കെ എസ് യു ഉള്‍പ്പെടെ ഗവര്‍ണര്‍ക്കെതിരെ സമര രംഗത്തിറങ്ങണം. സമരത്തിന് ഇറങ്ങിയില്ലെങ്കില്‍ നാളെ കേരളം അവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി വിഷയത്തില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമില്ലെന്നും ഏകാഭിപ്രായമാണ് ഉള്ളതെന്നും കെ രാജന്‍ വ്യക്തമാക്കി. കെ ഇ ഇസ്മയിലിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Top