കൊല്ലം: സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഭൂജലം എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി സമഗ്ര പഠനം നടത്തുമെന്ന് മന്ത്രി കെ. രാജന്‍. പഠനത്തിന്റേ അടിസ്ഥാനത്തിലുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുനലൂര്‍ താലൂക്കില്‍ ഉരുള്‍പൊട്ടലുണ്ടായ ഇടപ്പാളയം ആറുമുറിക്കട, ആശ്രയ കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രി പ്രതികരിച്ചത്.
മൂന്നാം തവണയാണ് കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഈ സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പഠനം നടത്തും. ഉരുള്‍പൊട്ടല്‍ സാധ്യത, പ്രദേശത്തിന്റെ പ്രത്യേകത എന്നിവയെ കുറിച്ച് സമഗ്രമായി പഠിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകളെ ഉള്‍പ്പെടുത്തും.
സംസ്ഥാന ദുരിതാശ്വാസനിധിയില്‍ നിന്നുമുള്ള തുകയ്ക്ക് ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് കൂടി തുക ഉള്‍പ്പെടുത്തി പ്രകൃതി ദുരന്ത മേഖലകളില്‍ കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്നതിന് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വിഭാഗം, ഫോറസ്റ്റ്, റയില്‍വെ എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്തി ഓടകളുടെ തടസ്സം മാറ്റുന്നത് നടപടി സ്വീകരിക്കാന്‍ എംഎല്‍എ പി.എസ്. സുപാല്‍ നിര്‍ദ്ദേശിച്ചു.
റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിഹാരം കാണാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് എന്‍ കെ. പ്രേമചന്ദന്‍ എംപിയും അറിയിച്ചു. എല്ലാവകുപ്പുകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പുനലൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
എന്‍.കെ പ്രേമചന്ദ്രന്‍ എംപി, പി.എസ് സുപാല്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, കൊല്ലം എഡിഎം സജീത ബീഗം, ആര്‍ഡിഒ ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, തെന്മല ഡിഎഫ്ഒ എസ്.സണ്‍, തഹിസില്‍ദാര്‍ കെ.എസ്. നസീയ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി സൂപ്രണ്ട് എ. സന്തോഷ് കുമാര്‍, ജില്ലാപഞ്ചായത്തംഗം കെ. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ലേഖ ഗോപാലകൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ മാമ്പഴത്തറ സലിം, ബിജു ഏബ്രഹാം, സാനു ധര്‍മ്മരാജ്, ബിനിത ബിനു, ജെസീന്ത റോയ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തിലും അവലോകന യോഗത്തിലും പങ്കെടുത്തു.