തിരുവനന്തപുരം: ഏത് ദുരന്തത്തെയും നേരിടാന്‍ സര്‍ക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. 2018ലെ പ്രളയ ദുരന്തത്തില്‍ ഉണ്ടായ പാഠമുള്‍ക്കൊണ്ട് പുറത്തിറക്കിയ ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ അപകട സ്ഥലങ്ങളും ഇവിടെ ഇനിയും ഉണ്ടാകാവുന്ന പ്രശ്നങ്ങളേയും നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സമയത്ത് രാഷ്ട്രീയവും ജാതി മത ചിന്തകളും മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. ഇതില്‍ പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.