തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെ വിശ്വാസത്തിലെടുക്കാതെ പുതിയ കേന്ദ്ര മന്ത്രിയായ കണ്ണന്താനത്തിലൂടെ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ എന്‍.ഡി.എ പാളയത്തിലെത്തിക്കാന്‍ കരുക്കള്‍ നീക്കി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.
തമ്മിലടിയും ചേരിപ്പോരും കൊടികുത്തി വാഴുന്ന ബി.ജെ.പി സംസ്ഥാന ഘടകത്തെ തഴഞ്ഞ് കേരളത്തില്‍ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ പുതുവഴി തേടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും.
ബി.ജെ.പി ശക്തികേന്ദ്രമായ ഗുജറാത്തിനേക്കാള്‍ ആര്‍.എസ്.എസ് ശാഖകളുള്ള കേരളത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാകാത്തതിന് കാരണം സംസ്ഥാന നേതൃത്വത്തിലെ തമ്മിലടിയാണെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.
കേരളത്തില്‍ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ പിന്തുണയും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ എം.പിമാരെയുമാണ് നേതൃത്വം ലക്ഷ്യമിടുന്നത്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒപ്പമെത്തിയാല്‍ നാലിലധികം എം.പിമാരെ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം.
സി.പി.എമ്മിന്റെ മുന്‍ കാഞ്ഞിരപ്പള്ളി എം.എല്‍.എകൂടിയായിരുന്ന കണ്ണന്താനം കത്തോലിക്കാസഭാ നേതൃത്വത്തിന്റെ വിശ്വസ്ഥനാണ്. സഭാ നേതൃത്വം ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി സൗഹൃദപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
മോദിയെയും അമിത്ഷായെയും സന്ദര്‍ശിക്കാനും സഭാ നേതാക്കള്‍ തയ്യാറായിരുന്നു. കേരളത്തില്‍ നേട്ടം കൊയ്യാന്‍ രാഷ്ട്രീയ ശക്തി മാത്രം പോരാ മത-സാമുദായിക സംഘടനകളുടെ വോട്ടുബാങ്കു കൂടെ വേണമെന്ന തിരിച്ചറിവിലാണിപ്പോള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം.
കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് ക്ഷണിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കണ്ണന്താനമായിരിക്കും ചുക്കാന്‍ പിടിക്കുക. ജോസ് കെ.മാണിക്ക് കേന്ദ്രസഹമന്ത്രി സ്ഥാനമടക്കം വാഗ്ദാനവുമുണ്ട്.