ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനേത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. ന്യൂഡല്‍ഹിക്കടുത്ത് ഹിന്‍ഡണ്‍ എയര്‍ബെയ്സില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജങ് വിമാനത്താവളത്തില്‍ നിന്നും ഉത്തര്‍ഖണ്ഡിലെ തെഹ്രിയിലേക്ക് പുറപ്പെട്ട അതിര്‍ത്തി രക്ഷാ സേനയുടെ ഹെലികോപ്റ്ററിനാണ് പറന്നുയര്‍ന്നയുടന്‍ സാങ്കേതികത്തകരാറുണ്ടായത്. പ്രശ്നം ശ്രദ്ധയില്‍പെട്ട ഉടന്‍ പൈലറ്റ് നിലത്തിറങ്ങാന്‍ അനുവാദം തേടുകയായിരുന്നു. ഉടന്‍ മറ്റൊരു ഹെലികോപ്റ്ററില്‍ മന്ത്രിയും സംഘവും യാത്ര തുടര്‍ന്നു.
ഉത്തര്‍ഖണ്ഡിലെ മഴക്കെടുതികള്‍ നിരീക്ഷിക്കാനുള്ള യാത്രയിലായിരുന്നു കിരണ്‍ റിജിജുവും സംഘവും.