മുല്ലപ്പെരിയാ‍റിൽ നിന്നും തമിഴ്നാടിനോട് കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആവശ്യപ്പെട്ട് മന്ത്രി കൃഷ്ണൻകുട്ടി

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനോട് ആവർത്തിച്ച് ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. നിലവിൽ 2144 ക്യു സെക്സ് വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. എന്നാൽ 3000 ക്യുസെക്സ് വരെ വെള്ളം തമിഴ് നാടിന് കൊണ്ടുപോകാവുന്നതാണ്. അതിനാൽ ഇത് ഉയ‍ര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

മഴ ശക്തമായതോടെ അണക്കെട്ടുകൾ തുറന്നതിനാൽ ഇടുക്കിയിൽ മാത്രം വൈദ്യുതി വകുപ്പിന് 25 കോടിയുടെ നഷ്ടമുണ്ടായതായും മന്ത്രി കൃഷ്ണൻ കുട്ടി അറിയിച്ചു. മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാലാണ് കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ തുറന്നത്. സംസ്ഥാനത്ത് ഇപ്പോൾ 32 അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. ഇതിൽ 16 എണ്ണം കെഎസ്ഇബിയുടെ കീഴിൽ ഉള്ളവയാണ്. പാലക്കാട് ചുള്ളിയാർ ഡാമിന്‍റെ ഒരു സ്പിൽവെ ഷട്ടർ ഇന്ന് തുറന്നു. നാളെ രാവിലെ8 ന് വാളയാർ ഡാം തുറക്കും. മലമ്പുഴ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂർ, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ പുഴയോരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.

അതേ സമയം, ജലനിരപ്പ് ഉയര്‍ന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചു. സെക്കന്റിൽ പതിനായിരം ഘനയടിയിലധികം ഒഴുക്കി വിടും. പെരിയാർ തീരത്ത് താമസിക്കുന്ന വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെയുള്ളവരോട് സ്ഥലത്ത് നിന്നും മാറാൻ കർശന നിർദേശം നൽകി. ഇടുക്കി ആർ ഡി ഒ നേരിട്ടത്തിയാണ് നിർദേശം നൽകിയത്. ക്യാമ്പിലേക്ക് മാറാൻ വാഹന സൗകര്യം ഏർപ്പെടുത്തും.

ഇടമലയാർ അണക്കെട്ടുകൂടി തുറന്നതോടെ പെരിയാർ തീരത്ത് അതീവ ജാഗ്രതാ നി‍ര്‍ദ്ദേശമുണ്ട്. ഏലൂരിലെ താഴ്ന്ന മേഖലകളിൽ താമസിക്കുന്നവരോട് ക്യാമ്പുകളിലേക്ക് മാറാൻ പൊലീസ് ആവശ്യപ്പെട്ടു. ഇടമലയാറിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് ഉച്ചയ്ക്കുശേഷം ഇനിയും കൂട്ടും.

Top