തിരുവനന്തപുരം: ബന്ധു നിയമനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി ജലീൽ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകുക. സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്തി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകായുക്തയുടെ ഉത്തരവ്.
ഹർജി ഇന്ന് നൽകിയാലും ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചിൽ നാളെയാകും പരിഗണനയിലെത്തുക. ക്യത്യമായ യോഗ്യതയില്ലാതെയാണ് അദീബിനെ നിയമിച്ചതെന്ന് ചൂണ്ടികാട്ടിയാണ് ജലീലിന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് ഷാഫി ലോകായുക്തയെ സമീപിച്ചത്.
എന്നാൽ കാര്യങ്ങൾ കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം.