ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കൊവിഡ് ഭീതി മൂലം വിദേശ ടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷൃമിടുന്നതെന്നും കൊവിഡില്‍ ടൂറിസം മേഖലയില്‍ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിയാസ് പറഞ്ഞു.

2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യവിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്. 2016ല്‍ 13 കോടി വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വന്നെങ്കില്‍ 2020-ല്‍ അതു 45 ലക്ഷമായി കുറഞ്ഞെന്നും റിയാസ് പറഞ്ഞു.

കൊവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഓണ്‍ലൈനിലാക്കി ടൂറിസം വകുപ്പ്. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന ആശയം മുന്‍നിര്‍ത്തി ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഇക്കുറി ഓണ്‍ലൈന്‍ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

ഓണ്‍ലൈന്‍ പൂക്കളമത്സരത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 14-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടൂറിസം വെബ്‌സൈറ്റില്‍ പത്താം തീയതി മുതല്‍ പൂക്കളമത്സരത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്നും കേരളത്തിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും വെവ്വേറെ സമ്മാനങ്ങള്‍ നല്‍കുമെന്നും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

 

Top