തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി റോഡുകൾ പരിശോധന നടത്താൻ ചുമതലപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. 45 ദിവസത്തിൽ ഒരിക്കൽ ആയിരിക്കും പരിശോധന. നാല് ഘട്ടം ആയിട്ടാണ് പരിശോധന നടത്തുക. സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തും. ഇവർ എല്ലാ മാസവും റിപ്പോർട്ട് നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്ഥർ ഫീൽഡിൽ കൂടുതലായി ഇടപെടണം. റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്നങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ താഴേത്തട്ടിലേക്ക് ഇറങ്ങി പരിശോധന തുടങ്ങിയിട്ടുണ്ട് . റണ്ണിംഗ് റോഡ് കോൺട്രാക്ട് പരിശോധന തുടരും . ചിലയിടങ്ങളിൽ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട് . ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലെ പരിശോധന തുടങ്ങിയ ശേഷം ആയിരക്കണക്കിന് പ്രവൃത്തികൾ നടന്നു . ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുഭവപൂർവമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു . തീർഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ തീർക്കേണ്ടതുണ്ട് . റോഡ് പണി കൃത്യമാണോ എന്നറിയാൻ ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളിൽ അടുത്ത മാസം 19, 20 ന് നേരിട്ടെത്തി പരിശോധന നടത്തുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.