കാരവനുകളിൾ കേരളത്തിൽ എത്തിയ 31 വിദേശ സഞ്ചാരികളെ സ്വീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: യാത്രാമധ്യേ അപ്രതീക്ഷിതമായി കേരളം സന്ദർശിക്കാനെത്തിയ വിദേശ സഞ്ചാരികളെ സ്വീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 16 കാരവനുകളിലായി കേരളത്തിലെത്തിയ 31 അംഗ സഞ്ചാരികളെയാണ് മന്ത്രി സ്വീകരിച്ചത്. കേരളത്തിന്റെ കാരവൻ ടൂറിസത്തെ കുറിച്ച് മനസിലാക്കി യാത്രയുടെ റൂട്ട് മാറ്റിയാണ് ഇവർ കേരളത്തിലെത്തിയതെന്നും ഫേസ്ബുക്കിൽ വീഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പിൽ മന്ത്രി പറയുന്നു. ജർമനി സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് 16 കാരവനുകളിലായി എത്തിയ 31 പേരും.

റിയാസിന്റെ കുറിപ്പ്

കേരളത്തിൻ്റെ കാരവൻ ടൂറിസത്തെ കുറിച്ച് മനസ്സിലാക്കി, യാത്രയുടെ റൂട്ട് മാറ്റി ഇവിടേക്ക് വന്ന സഞ്ചാരികൾക്ക് നന്ദി. ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും 16 കാരവാനുകളിലായി 31 സഞ്ചാരികൾ യാത്ര തിരിച്ചു. യൂറോപ്പില്‍ നിന്നും തുടങ്ങി 365 ദിവസം 17 രാജ്യങ്ങളിലൂടെ 50,000 കിലോമീറ്റര്‍ കാരവാനില്‍ സഞ്ചരിച്ച് ഓസ്ട്രേലിയയിൽ യാത്ര അവസാനിപ്പിക്കാനാണ് തീരുമാനിച്ചത്. ഇന്ത്യയിൽ ഗോവ വരെയായിരുന്നു യാത്ര.

ഇതിനിടയിലാണ് കേരളത്തിൻ്റെ കാരവൻ ടൂറിസത്തെ കുറിച്ച് ഇവർ മനസ്സിലാക്കുന്നത്. യാത്രയുടെ റൂട്ട് മാറ്റി 16 കാരവാനുകളും നേരെ കേരളത്തിലേക്ക്. ആലപ്പുഴയും കുമളിയും തേക്കടിയും കഴിഞ്ഞ് തിരുവനന്തപുരത്ത്. അവരെ നേരിൽ കാണാനും കേരളത്തിൻ്റെ ടൂറിസം ഡെസ്റ്റിനേഷനുകളെ കുറിച്ച് സംസാരിക്കാനും സാധിച്ചു.

Top