ന്യൂഡല്‍ഹി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചിരുന്നുവെങ്കില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുമായിരുന്നുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനാപകടം നടന്ന കരിപ്പൂരിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് മിഷന്റെ ഭാഗമായി 190 യാത്രക്കാരുമായി ദുബായില്‍ നിന്ന് വന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ടായ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിമാനം നിയന്ത്രിച്ച് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ മഴമൂലം തെന്നിയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ഫ്ളൈറ്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് എന്നി വിഭാഗങ്ങളില്‍ നിന്നുള്ള അന്വേഷണ സംഘങ്ങള്‍ സംഭവം നടന്ന സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ രണ്ട് ദുരിതാശ്വാസ സംഘങ്ങളെ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നായി കോഴിക്കോട്ടേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി കൂട്ടിച്ചേര്‍ത്തു.