സ്വര്‍ണ്ണക്കടത്തു കേസ്; വി.മുരളീധരനാണ് രാജിവയ്‌ക്കേണ്ടതെന്ന് മുഹമ്മദ് റിയാസ്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസ് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനാണ് രാജിവയ്‌ക്കേണ്ടതെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ്. പ്രതികളെ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് മന്ത്രി സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗിലൂടെ അല്ലെന്ന് പറഞ്ഞിരിക്കുന്നത്. സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതോടെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനോട്, സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജ് അല്ലെന്ന കേന്ദ്രമന്ത്രിയുടെ അതേ അഭിപ്രായം പറയാന്‍ ബിജെപിയുടെ ചാനല്‍ മേധാവി ആവശ്യപ്പെട്ടത് എന്തിനാണെന്നും ഈ ചാനല്‍ മേധാവിയെ ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് സംഘത്തില്‍ ചിലരെ മാറ്റിയത് വി. മുരളീധരന്റെ ഇടപെടല്‍കൊണ്ടാണെന്നും ഡിവൈഎഫ്‌ഐ ആരോപിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും വി. മുരളീധരനെതിരെ ശബ്ദിക്കാത്തത് സ്വര്‍ണക്കടത്തില്‍പെട്ട യുഡിഎഫിന്റെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനുള്ള പ്രത്യുപകാരമാണ്. മുസ്ലിം ലീഗ് – ബിജെപി – കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ക്ക് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. എന്നാല്‍ ഇതുകൊണ്ട് തടയാനാവുന്നതല്ല മുരളീധരന്റെ രാജി എന്ന പൊതു വികാരമെന്നും മുഹമ്മദ് റിയാസ് പറയുന്നു.

Top