കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിന് ആരും എതിരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചീമുട്ടയേറും ഷൂസേറും തുടക്കം മുതലേയുണ്ടെന്നും ചാടിവീണുള്ള ചാവേര്‍ സമരമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. ചാവേര്‍ സമരത്തിന് നേതൃത്വം നല്‍കുന്ന നേതാക്കള്‍ ഒറ്റപ്പെട്ടു. പ്രതിപക്ഷം സംഘടിപ്പിക്കുന്ന പരിപാടിയുടെ പേര് പോലും ആളുകള്‍ക്ക് അറിയില്ല. അതില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചാണ് പ്രതിപക്ഷം ഉശിര് കാണിക്കേണ്ടതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഇല്ലെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. പ്രതിപക്ഷം തുടക്കം മുതല്‍ എതിര്‍ത്തതിനാല്‍ നവകേരള സദസില്‍ ആളുകള്‍ കൂട്ടത്തോടെ പങ്കെടുത്തു. ഉത്സവ പറമ്പില്‍ തല്ല് ഉണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ തിരിച്ചാണ് സംഭവിച്ചത്. വ്യജ ഐഡി കാര്‍ഡ് വിഷയം അടക്കം ചര്‍ച്ച ആകാതിരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും റിയാസ് കുറ്റപ്പെടുത്തി. വി എം സുധീരന്‍ ഉയര്‍ത്തിയ പ്രശ്‌നത്തെ കുറിച്ച് മിണ്ടുന്നില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.