തിരുവനന്തപുരം: ബജറ്റുമായി ബന്ധപ്പെട്ട പരാതികളില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. ബജറ്റ് സന്തുലിതമെന്നാണ് പൊതുവെയുള്ള അഭിപ്രായം എന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഓരോ മന്ത്രിയും ആവശ്യപ്പെടുന്നത് സ്വന്തം വകുപ്പുകള്‍ക്കുള്ള വലിയ തുകയാണ്. അതുകൊണ്ടുതന്നെ എല്ലാ വകുപ്പുകള്‍ക്കും പരിഗണന നല്‍കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ബജറ്റില്‍ സിപിഐ മന്ത്രിമാര്‍ക്ക് അതൃപ്തിയുള്ളതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാന ബജറ്റില്‍ കടുത്ത അതൃപ്തിയിലാണ് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍. സപ്ലൈകോക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റില്‍ കുടിശ്ശിക തീര്‍ക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു. ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎന്‍ ബാലഗോപാലിന് കൈ കൊടുക്കാനും ജിആര്‍ അനില്‍ വിസമ്മതിച്ചു.