“പദവിയോടുള്ള ബഹുമാനം കൊണ്ടാണ് ‘ഷട്ട് യുവർ ബ്ലഡി മൗത്ത്’ എന്ന് പറയാത്തത്”; ഗവർണർക്കെതിരെ റിയാസ്

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ ജില്ലയെ കുറിച്ചു നടത്തിയ പരാമർശത്തിൽ ഗവർണറെ കടുത്തഭാഷയിൽ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍’ എന്നു പറയാൻ ഞങ്ങള്‍ക്കറിയാത്തതല്ലെന്നും ഗവർണറുടെ പദവിയെ ബഹുമാനിക്കുന്നതുകൊണ്ടാണ് അത് പറയാത്തതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ ആക്ഷേപിച്ചു, മുഖ്യമന്ത്രി വരുന്ന ജില്ലയെ കുറിച്ചും അദ്ദേഹം ആക്ഷേപം നടത്തിയില്ലേ. ‘ഐ നോ ദി ബ്ലഡി ഹിസ്റ്ററി ഓഫ് കണ്ണൂര്‍’ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്താണ് കണ്ണൂരിന്റെ ചരിത്രം. കണ്ണൂരിന്റെ ചരിത്രം അത്ര മോശമാണോ. കോളനിവിരുദ്ധ പോരാട്ടം നടത്തി ഒട്ടനവധി പേര്‍ രക്തസാക്ഷിയായ മണ്ണാണ് കണ്ണൂര്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച മണ്ണാണ് കണ്ണൂര്‍. എത്രയെത്ര പോരാട്ടങ്ങള്‍ കണ്ണൂരില്‍ നടന്നു. എന്നാല്‍ മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാനെന്താണ് കണ്ണൂരിനോടും കേരളത്തോടുമിത്ര വിദ്വേഷം?

മംഗലാപുരം കേന്ദ്രീകരിച്ച് ആര്‍.എസ്.എസ്. കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ വേണ്ടി ആദ്യം തിരഞ്ഞെടുത്ത പ്രദേശം ഇതേ കണ്ണൂരാണ്. 1970 ഡിസംബറില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ്. കണ്ണൂരിലെ തലശ്ശേരിയെ തിരഞ്ഞെടുത്തു. അന്ന് കുപ്രചരണങ്ങളുടെ ഭാഗമായി ഒരു മുസ്ലീം പള്ളി ആക്രമിക്കപ്പെടാന്‍ പോയി സി.പി.എം. നേതാവ് യു.കെ. കുഞ്ഞിരാമന്‍ ചിലര്‍ക്കൊപ്പം പള്ളിക്ക് കാവലിരുന്നു. നീ മാപ്പിളയുടെ സന്തതിയെന്ന് പറഞ്ഞ് യു.കെ. കുഞ്ഞിരാമനെ ആര്‍.എസ്.എസുകാര്‍ വകവരുത്തി. അവിടെ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരെ കലാപം നടത്തരുതെന്നും മതസാഹോദര്യത്തോടു കൂടി നിലകൊള്ളണമെന്നും പറഞ്ഞ് ഒരു കറുത്ത ജീപ്പില്‍ ചുവന്ന പതാകയുമായി ഒരു ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ ഒരു അനൗണ്‍സ്‌മെന്റ് വാഹനം പോയി.

ഞങ്ങളുടെ ജീവന്‍ പോയാലും തലശ്ശേരിയുടെ മണ്ണില്‍ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുമെന്ന് ആഹ്വാനം ചെയ്തു. അതിനു നേതൃത്വം കൊടുത്ത ചെറുപ്പക്കാരന്‍ ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. കണ്ണൂരുള്‍പ്പടെ കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെ ചരിത്രം മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണം. നിങ്ങളിരിക്കുന്ന പദവി കൊണ്ടാണ് നിങ്ങളെ ബഹുമാനിക്കുന്നത്. നിങ്ങളുപയോഗിക്കുന്ന അതേ വാക്കുപയോഗിച്ച് നിങ്ങളെയും തിരിച്ചു പറയാന്‍ ഞങ്ങള്‍ക്കറിയാം. ‘ഷട്ട് യുവര്‍ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍’ എന്നു പറയാൻ ഞങ്ങള്‍ക്കറിയാത്തതല്ല. നിങ്ങളിരിക്കുന്ന പദവിയെ ഞങ്ങള്‍ ബഹുമാനിക്കുന്നതു കൊണ്ടാണ് പറയാത്തത്.- മന്ത്രി പറഞ്ഞു.

Top