കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: രണ്ടുദിവസം കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറില്‍ ഉണ്ടായ ചിന്ത ഇടതുപക്ഷ വിരുദ്ധത മാത്രമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

“ഇടതുവിരുദ്ധത മാത്രം ചിന്തിക്കാനായൊരു ശിബിര്‍”
ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമോ?
മതനിരപേക്ഷത വേണമോ?
എന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യം മതനിരപേക്ഷത വേണമെന്ന് പറയും എന്ന അബ്ദുല്‍ കലാം ആസാദിന്റെ പ്രഖ്യാപനത്തിന്റെ സന്ദേശത്തെ കുറിച്ച് പോലും, എന്ത് കൊണ്ട് ശിബിറിൽ കോണ്‍ഗ്രസ് നേതൃത്വം ചിന്തിച്ചില്ല ?
ചിന്തന്‍ ശിബിറിന്റെ അര്‍ത്ഥം ധ്യാനം അഥവാ ചിന്തകളുടെ ക്യാമ്പ് എന്നാണ്. ധ്യാനിച്ചും ചിന്തിച്ചും ക്യാമ്പിലിരുന്ന് കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വന്നത് നല്ലത് തന്നെ. സംഘടനാ സമ്മേളനങ്ങള്‍ കാലങ്ങളായി സംഘടിപ്പിക്കുവാനാകാതെ വീര്‍പ്പുമുട്ടുന്ന കോണ്‍ഗ്രസിന് മരുഭൂമിയില്‍ പെയ്ത മഴത്തുള്ളി പോലെ ചിന്തന്‍ ശിബിര്‍ താല്കാലിക ആശ്വാസമാവട്ടെ എന്ന് ആശംസിക്കുന്നു.
ചിന്തന്‍ ശിബിരത്തിന്റെ സമാപനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രീ കെ. സുധാകരന്‍ അവതരിപ്പിച്ച നയരേഖ മതനിരപേക്ഷ മനസുകളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. കേരളത്തിലെ കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ച തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണങ്ങളെ സംബന്ധിച്ച് നയരേഖ മൗനം പാലിച്ചു എന്നത് ദൗര്‍ഭാഗ്യകരമാണ്.
കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോര്‍ന്നു എന്നതു തന്നെയാണ്. (ഇതില്‍ സംശയമുണ്ടെങ്കില്‍ 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചാല്‍ മതി) വോട്ട് ചോരലും വോട്ട് മറിക്കലും രണ്ടും രണ്ടാണ്. നേതൃത്വം അറിഞ്ഞു കൊണ്ട് നടക്കുന്നതാണ് വോട്ട് മറിക്കല്‍. വോട്ടു ചോരല്‍ എന്നാല്‍ മറ്റൊരു ആശയത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് നേതൃത്വത്തിനു പോലും തടയാനാകാതെ നടക്കുന്ന പ്രക്രിയയാണ്. വോട്ട്ചോർച്ച അമര്‍ന്ന് കത്തുന്നതാണ് .
രാഷ്ട്രീയ നിലപാടുകളില്‍ തിരുത്തല്‍ വരുത്തി മാത്രമേ ഈ ചോര്‍ച്ച തടയാനാകുക.
എന്താണ് ഈ ചോര്‍ച്ചക്ക് കാരണം?
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ചിന്തന്‍ ശിബിരം തയ്യാറായിട്ടില്ല.
മൃദു ഹിന്ദുത്വ വാദത്തിന്റെ പിടിയില്‍ കോണ്‍ഗ്രസ് പെട്ടു പോവുന്നു എന്നതാണ്
വോട്ടു ചോര്‍ച്ചക്കും കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും കാരണം. ശക്തമായ മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് മടിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന മതനിരപേക്ഷ മനസുകള്‍ ഇടതുപക്ഷത്തിനോട് അടുക്കുന്നതിനും കാരണമായി. ഇങ്ങനെ രണ്ട് വ്യത്യസ്ത ദിശയിലേക്ക് കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ ചെന്നെത്തി.
കുതബ് മിനാറിന്റെ മുകളില്‍ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമോ മതനിരപേക്ഷത വേണമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യം മതനിരപേക്ഷത വേണമെന്ന് പറയും എന്ന് പ്രഖ്യാപിച്ച അബ്ദുല്‍ കലാം ആസാദിന്റെ വാക്കുകളെങ്കിലും ഓര്‍ക്കണമായിരുന്നു കോണ്‍ഗ്രസ് ശിബിരം. മതനിരപേക്ഷതയില്ലെങ്കില്‍ ഇന്ത്യയില്‍ സ്വാതന്ത്യം നിലനില്‍ക്കില്ല എന്ന വസ്തുതയുടെ തിരിച്ചറിവാണ് അബ്ദുല്‍ കലാം ആസാദ് അന്ന് അങ്ങനെ പറയാന്‍ ഇടയായത്. മൃദു ഹിന്ദുത്വ നിലപാടില്‍ നിന്നും തീവ്ര മതനിരപേക്ഷ നിലപാടിലേക്ക് കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടു വരാന്‍ എന്ത് തീരുമാനമാണ് ഈ ശിബിരം കൈക്കൊണ്ടത്?.
രാജ്യത്തെ മതനിരപേക്ഷത കനത്ത വെല്ലുവിളികള്‍ നേരിട്ടപ്പോഴും മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലായപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിന്റെ അപകടരമായ മൗനത്തെ ശിബിരം ചോദ്യം ചെയ്ത് കണ്ടില്ല ?
രണ്ടു ദിവസം ചിന്തിച്ച് ചിന്തിച്ച് ശിബിരം കണ്ടെത്തിയത് തീവ്ര വലതുപക്ഷ സര്‍ക്കാരായി എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറുന്നു എന്ന അസംബന്ധമാണ്. ഇതാണോ ശിബിരം ചിന്തകള്‍ കണ്ടെത്തിയ കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നം ?
എല്‍.ഡി.എഫ് സര്‍ക്കാരിന് ഇടതു സ്വഭാവം നഷ്ടപ്പെടുന്നു എന്ന അസംബന്ധ വാദവും കോണ്‍ഗ്രസില്‍ നിന്നും വോട്ട് ബി.ജെ.പിയിലേക്ക് ചോരുന്നു എന്ന വസ്തുതയും തമ്മില്‍ എന്താണ് ബന്ധം?.
ഈ ചോദ്യത്തിന് ഉത്തരം കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശിബിരം നയിച്ചവരോട് അഭ്യര്‍ത്ഥിക്കുന്നു.
വിലക്കയറ്റം, തൊഴില്ലാഴ്മ പോലുള്ള ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ അല്ല കേരളസര്‍ക്കാരാണെന്ന് വരുത്തി തീര്‍ക്കാന്‍ എപ്പോഴും വ്യഗ്രത കാണിക്കുന്ന കെപിസിസി നേതൃത്വത്തിന്റെ സങ്കുചിത നിലപാട് തിരുത്തണമെന്ന് എന്ത് കൊണ്ട് ശിബിരം ചിന്തിച്ചില്ല ?
അധികാരത്തില്‍ എങ്ങനെയെങ്കില്ലും കയറിപ്പറ്റുക എന്നതിനെ കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് വീര്‍പ്പുമുട്ടിയ ശിബിരത്തിന് അപകടത്തിലാണ്ടു പോകുന്ന കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനാകുമോ?
തെറ്റായ ഇത്തരം രാഷ്ട്രീയ ചിന്തകളെ തിരുത്താന്‍ സ്വന്തം മനസ്സിനകത്ത് ശിബിരം നടത്താനല്ലേ കോണ്‍ഗ്രസ് നേതൃത്വം ആദ്യം തയ്യാറാകേണ്ടത് ?
കേരളത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി തുടര്‍പ്രതിപക്ഷമായതിന്റെ ഭാഗമായി രൂപം കൊണ്ട അന്ധമായ ഇടതു വിരോധം സംഘപരിവാര്‍ രാഷ്ട്രീയത്തെയാണ് സഹായിക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടതുണ്ടോ?
ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും അതിനെ ചെറുക്കാനെന്ന പേരില്‍ വളര്‍ന്നു വരുന്ന ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും ഒരു പോലെ തലോടി കൊണ്ട് കേരളത്തിലെ അധികാര കസേര എന്ന ഒറ്റ ലക്ഷ്യവുമായി പോകുന്നതു കൊണ്ടല്ലേ കോണ്‍ഗ്രസ് തീവ്രമതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ തയ്യാറാവാത്തത് ?
മനുഷ്യ ജീവിതത്തെ ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തിലെങ്കിലും പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തയ്യാറാവാത്ത നിലപാട് എന്തുകൊണ്ട് ശിബിരം തിരുത്തിയില്ല?
അന്ധമായ ഇടതുപക്ഷ വിരോധം..
നിയന്ത്രിക്കാനാവാത്ത അധികാരക്കൊതി..
തുടര്‍ പ്രതിപക്ഷം സൃഷ്ടിച്ച നിരാശ..
ഈ ചിന്തകളാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കുന്നത്.
ചിന്തന്‍ ശിബിര്‍ അതു കൊണ്ട് തന്നെ അധികാരക്കൊതി മൂത്ത ചിന്തകളുടെ ശിബിരമായി മാത്രം സമാപിച്ചു.
-പി എ മുഹമ്മദ് റിയാസ് –

Top