വികസനത്തിന്റെ കാര്യത്തിൽ മുരളീധരൻ പോസറ്റീവ് ആകണമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

കോഴിക്കോട് : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. വികസനത്തിന്റെ കാര്യത്തിൽ മുരളീധരൻ പോസറ്റീവ് ആകണമെന്ന് മന്ത്രി പറഞ്ഞു. നിധിൻ ഗഡ്കരിയെ വികസനകാര്യത്തിൽ മാതൃകയാക്കണം. വിവാദം ഉണ്ടാക്കാനല്ല വികസനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും റിയാസ് പറഞ്ഞു. വികസനം മുടക്കുന്നവരെ ജനങ്ങൾക്ക് തിരിച്ചറിയാം. വികസനം നടപ്പാക്കുന്നത് കപ്പ്‌ നേടാൻ അല്ല. വികസന കാര്യത്തിൽ ഗഡ്കരിക്കുള്ളതിന്റെ നൂറിലൊന്ന് താൽപര്യമെങ്കിലും മുരളീധരൻ കാണിക്കണം. ഭൂമി ഏറ്റെടുക്കലിൽ കേരള മോഡൽ ആണ് നടപ്പാക്കിയത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന് ദേശീയ പാത വികസനം കൈകാര്യം ചെയ്യുന്നതിൽ പാളിച്ച വന്നുവെന്നും റിയാസ് പറഞ്ഞു.

ദേശീയപാതാ വികസനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു. ദേശീയപാതാ സ്ഥലമേറ്റെടുപ്പിന് കേരളം മാത്രമാണ് 25 ശതമാനം പണം നൽകുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തെറ്റാണെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി. സിപിഐഎം കേരളത്തിൽ ഫ്ലക്സുകൾ വെച്ചും ചർച്ചയിലൂടെയും ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങൾ 50 ശതമാനം വരെ തുക സ്ഥലമേറ്റെടുപ്പിന് നൽകുമ്പോൾ കേരളം 25 ശതമാനം മാത്രമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

Top