കോഴിക്കോടിനെ ന്യൂ കോഴിക്കോടാക്കിമാറ്റാന്‍ മിഷന്‍-30 പദ്ധതി നടപ്പാക്കും; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഡല്‍ഹി ന്യൂ ഡല്‍ഹിയായതുപോലെ കോഴിക്കോടിനെ ന്യൂ കോഴിക്കോടാക്കിമാറ്റാന്‍ മിഷന്‍-30 പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലിക്കറ്റ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഇനീഷ്യേറ്റീവിന്റെ (സിറ്റി 2.0) നേതൃത്വത്തില്‍ നടത്തുന്ന കേരള ടെക്‌നോളജി എക്സ്‌പോ (കെ.ടി.എക്സ്-24) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോഴിക്കോടിനെ നാളെയുടെ ടൂറിസ്റ്റ് കേന്ദ്രമാക്കിമാറ്റാന്‍ 1200 കോടി രൂപ ചെലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയപാത നവീകരണവും പാലങ്ങളും ജലഗതാഗതപാതയും പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങളും വരുന്നതോടെ കോഴിക്കോട് ന്യൂ കോഴിക്കോടായി മാറുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം-കാസര്‍കോട് ആറുവരിപ്പാതയുടെ നിര്‍മാണം അടുത്തവര്‍ഷം അവസാനം പൂര്‍ത്തിയാവും. റോഡുകൊണ്ടുമാത്രം നമുക്ക് എത്രകാലം മുന്നോട്ടു പോകാനാവും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള കേരളത്തില്‍ ഇനി റോഡുകള്‍ നിര്‍മിക്കാന്‍ ഭൂമിയില്ല. അതുകൊണ്ടാണ് സില്‍വര്‍ലൈന്‍പദ്ധതി മുന്നോട്ടുവെച്ചത്. പലരും എതിര്‍ത്തു. എന്നാല്‍ വന്ദേഭാരത് വന്നതോടെ സില്‍വര്‍ലൈനിനെ അനുകൂലിക്കുന്നവരുടെ എണ്ണംകൂടി. വന്ദേഭാരത് ഉദ്ദേശിച്ച വേഗതയില്‍ ഓടണമെങ്കില്‍ ഒട്ടേറെ വളവുകള്‍ നിവര്‍ത്തണം. അതിന് ചെലവഴിക്കുന്ന തുകവേണ്ട സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമാക്കാനെന്ന് ആളുകള്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കനോലി കനാലെല്ലാം ഉള്‍പ്പെടുത്തി കോവളംമുതല്‍ ബേക്കല്‍വരെ ജലപാതയും യാഥാര്‍ഥ്യമാക്കും. കോഴിക്കോടിന്റെ ഐ.ടി. വികസനത്തിനുള്ള സമഗ്രരൂപരേഖകൂടി ഐ.ടി എക്സ്‌പോയ്ക്കൊപ്പം രൂപപ്പെടുത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന പരിപാടിയില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം.എ. മെഹബൂബ് അധ്യക്ഷനായി. ഐ.ഐ.എം. ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി, ടാറ്റാ എലക്സി മാനേജിങ് ഡയറക്ടര്‍ മനോജ് രാഘവന്‍, ഗ്രാന്‍ഡ് തോര്‍ട്ടണ്‍ ഭാരത് ദേശീയമേധാവി രാമേന്ദ്ര വെര്‍മ ,കെ.എസ്.ഐ.ടി.ഐ.എല്‍. മാനേജിങ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു, കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക് സി.ഇ.ഒ. സുശാന്ത് കുരുന്തില്‍, സിറ്റി 2.0 ചെയര്‍മാന്‍ അജയന്‍ കെ. ആനാട്ട്, ജനറല്‍സെക്രട്ടറി അനില്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

Top