തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കെതിരെ നിലകൊള്ളാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുകയാണെന്നും അതാണ് പരാജയത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു.
കേരളത്തിലെ കോണ്‍ഗ്രസാണെങ്കില്‍ ബിജെപിക്കെതിരെ നിലപാട് എടുക്കുന്ന സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഈ പുറകോട്ട് പോക്ക് ദൗര്‍ഭാഗ്യകരമാണ്. പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് പോവണം. തമ്മിലടി അവസാനിപ്പിക്കാനും മതനിരപേക്ഷ നിലപാട് സ്വീകരിക്കാനും കോണ്‍ഗ്രസ് തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.
ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. രാജസ്ഥാനില്‍ 116 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 67 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. മധ്യപ്രദേശില്‍ ബിജെപി 155 ഇടങ്ങളിലും കോണ്‍ഗ്രസ് 72 സീറ്റുകളിലും ലീഡ് ചെയ്യുന്നു.