ഇനി കുത്തിപ്പൊളിക്കല്‍ ഉണ്ടാവില്ല, കുഴികളില്ലാത്ത റോഡ് ഉറപ്പു നല്‍കി മന്ത്രി റിയാസ്

കോഴിക്കോട്: റോഡിലെ കുഴികളടയ്ക്കുന്നതില്‍ ശാശ്വത പരിഹാരം ഉടനെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഓരോ റോഡിലും അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവാദിത്തമുള്ള കരാറുകാരുടെ പട്ടിക മറ്റന്നാള്‍ പരസ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

അടുത്ത മാസം റോഡുകളിലും ഇത് സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കും. കരാറുകാരന്റ ഉത്തരവാദിത്തം കഴിഞ്ഞാലും അറ്റകുറ്റപ്പണി നടത്താന്‍ മുന്‍കൂര്‍ ടെന്‍ഡര്‍ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

നിര്‍ത്താതെ പെയ്യുന്ന മഴയാണ് അറ്റകുറ്റപണിക്ക് തടസ്സമാകുന്നത്. മഴയല്ലാതെ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് പണി നടക്കാത്തത് ചൂണ്ടിക്കാണിച്ചാല്‍ നടപടിയെടുക്കാന്‍ തയാറാണ്. റോഡിന്റെ നിര്‍മാണം നടത്തിയ കരാറുകാരെ കൊണ്ട് തന്നെ കുഴിയടപ്പിക്കുന്നതിനുള്ള നടപടികള്‍ അടുത്തദിവസം തന്നെ ആരംഭിക്കും. കരാറുകാരന്റ ഊഴം കഴിഞ്ഞാലും കുഴിയടയ്ക്കാന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കും

ജല അതോറിറ്റി പൈപ്പിടാന്‍ വേണ്ടി കുഴിച്ച റോഡ് പലയിടത്തും അതേപടി കിടക്കുന്നുണ്ട്. പല പ്രാവശ്യം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. റോഡ് കുഴിക്കുന്നത് മുന്‍കൂട്ടി അറിയിക്കുന്നതിനായി പ്രത്യേക പോര്‍ട്ടല്‍ തയാറാകുന്നതോടെ ഇതിനും പരിഹാരമാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Top