ശങ്കർ മോഹന്റെ രാജി അന്വേഷണ റിപ്പോർട്ട് നടപ്പാക്കാനിരിക്കെ: മന്ത്രി

കോട്ടയം : രാജിവെച്ച കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെതിരെ ഉയർന്ന ജാതി വിവേചന ആരോപണം ശരിയായിരുന്നോയെന്ന ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ് മാറി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജാതിവിചേനമടക്കമുന്നയിച്ച വിദ്യാർത്ഥികളുടെ പരാതി അന്വേഷിച്ച രണ്ടു സമിതികളും നൽകിയ റിപ്പോർട്ടുകളുടെയും ഉള്ളടക്കം ഒന്നായിരുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി, പക്ഷേ ശങ്കർ മോഹനെതിരെ ഉയർന്ന ആരോപണം ശരിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ തയ്യാറായില്ല. റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ച വേളയിലാണ് ശങ്കർ മോഹന്റെ രാജിയെന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി.

വിദ്യാർത്ഥികളുടെ സമരം തുടരുന്നതിനിടെയാണ്, ജാതി വിവേചനം കാണിക്കുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപണമുന്നയിച്ച കോട്ടയം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചത്. വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും കാലാവധി തീർന്നതാണ് കാരണമെന്നും സർക്കാർ തലത്തിൽ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നുമാണ് ശങ്കർമോഹൻ പ്രതികരിച്ചതെങ്കിലും വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് സൂചന. രാജിക്കത്ത് സർക്കാരിനും കൈമാറിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും വിമുഖത പ്രകടിപ്പിച്ചു. സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധത പ്രകടിപ്പിച്ച അടൂർ ഗോപാലകൃഷ്ണനെ അനുനയിപ്പിക്കാനാണ് സർക്കാർ നീക്കം. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെയായി നടത്തി വന്ന സമരത്തിനിടെയാണ് ഡയറക്ടറുടെ രാജി പ്രഖ്യാപനം.

Top