മഹാരാജാസിലെ സംഘര്‍ഷം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: മഹാരാജാസിലെ സംഘര്‍ഷം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. പ്രശ്‌ന പരിഹാരത്തിനായി നേരിട്ട് ഇടപെടുമെന്നും മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കും. പുതിയ പ്രിന്‍സിപ്പല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ ബിന്ദു പറഞ്ഞു.

മസ്‌കുലാര്‍ ഡിസ്‌ട്രോഫി രോഗ ബാധിതര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് സാമൂഹ്യ നീതി വകുപ്പ് അല്ലെന്നും പെന്‍ഷന്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. ‘അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ ബന്ധപ്പെടേണ്ടതായിരുന്നു. ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മസ്‌കുലാര്‍ ഡിസ്‌ട്രോഫി രോഗ ബാധിതര്‍ക്ക് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭിന്നശേഷി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥിയോട് കാലിക്കറ്റ് സര്‍വകലാശാലയുടെ ക്രൂരതയെന്ന റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബികോം മൂന്നാം സെമസ്റ്ററിന്റെ ഉത്തരക്കടലാസ് സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായെന്നും വീണ്ടും പരീക്ഷയെഴുതണമെന്നുമാണ് സര്‍വ്വകലാശാല അധികൃതര്‍ കോഴിക്കോട് ജെഡിടി കോളജിലെ ബികോം വിദ്യാര്‍ത്ഥി മുനവ്വറിനെ അറിയിച്ചത്.

സഹായിയെ വച്ച് പരീക്ഷയെഴുതുന്ന 75 ശതമാനത്തിലധികം അംഗ പരിമിതിയുള്ള വിദ്യാര്‍ത്ഥിയോടാണ് സര്‍വ്വകലാശാലയുടെ ക്രൂരത. മൂന്നാം സെമസ്റ്ററിലെ പരീക്ഷ ഫലം വന്നപ്പോള്‍ മുനവ്വര്‍ അടക്കം അന്‍പതോളം പേരുടെ രണ്ട് പേപ്പറുകളുടെ ഉത്തരക്കടലാസ് കാണാനില്ലെന്ന് സര്‍വ്വകലാശാല അറിയിക്കുകയായിരുന്നു.

Top