മര്യാദയ്ക്കു നിരക്കാത്ത ഭാഷ ഉപയോഗിക്കരുത്:എംപിമാര്‍ക്ക് രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബിജെപി എംപിമാര്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പാര്‍ലമെന്റില്‍ മര്യാദയ്ക്കു നിരക്കാത്ത ഭാഷ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു അദ്ദേഹം എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ധനമന്ത്രി നിര്‍മ്മല സീതാരാമനെ കോണ്‍ഗ്രസ് അംഗം അധിര്‍രഞ്ജന്‍ ചൗധരി നിര്‍ബല എന്ന് വിളിച്ചതിനെതിരെ ബിജെപി നോട്ടീസ് നല്‍കി. ഇന്നലെയാണ് നിര്‍മ്മലാ സീതാരാമനെ നിര്‍ബല എന്ന് അധിര്‍രഞ്ജന്‍ ചൗധരി പരിഹസിച്ചത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയാന്‍ കാരണം സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തവെയാണ് ധനമന്ത്രിയെ ‘നിര്‍ബല’ എന്ന് വിശേഷിപ്പിച്ചത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റിലെ മന്ത്രിയാണ് നിര്‍മ്മല സീതാരാമനെങ്കിലും മനസ്സിലുള്ളത് തുറന്ന് പറയാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്ന് ചൗധരി ആരോപിച്ചു. ‘നിങ്ങളെ എനിക്ക് ബഹുമാനമാണ്, പക്ഷെ ചിലപ്പോഴെല്ലാം നിര്‍മല സീതാരാമന്‍ എന്നതിന് പകരം ‘നിര്‍ബല’ സീതാരാമന്‍ എന്നുവിളിക്കാന്‍ തോന്നും’, എന്നായിരുന്നു ചൗധരി പറഞ്ഞത്.

ഇതിനു മറുപടിയുമായി നിര്‍മല തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമര്‍ശനം തനിക്കെതിരെ ഉയരുന്നതായും അത്തരം ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ലെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. തന്നെ കഴിവില്ലാത്തവളെന്ന് വിശേഷിപ്പിക്കുന്നവര്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാകണം. താന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണെന്നും ധനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

Top