‘സർവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് ഉദ്ഘാടനം രാജ്യത്തിന് നാണക്കേട്’; മന്ത്രി റിയാസ്

തിരുവനന്തപുരം : സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർലമെന്റ് മന്ദിര വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര സേനാനികളെ കേന്ദ്രസർക്കാർ അപമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12 മണിയോടെ മന്ദിരം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർലയും പങ്കെടുക്കും. എംപിമാർ, മുൻ പാർലമെന്റ് സഭാധ്യക്ഷന്മാർ, മുഖ്യമന്ത്രിമാർ, സിനിമ താരങ്ങൾ, തുടങ്ങിയവർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.

21 പ്രതിപക്ഷ പാർട്ടികൾ കൂട്ടത്തോടെ ചടങ്ങ് ബഹിഷ്ക്കരിക്കും. ആറ് പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കും. രാവിലെ ഏഴരയോടെ പൂജ ചടങ്ങുകൾ തുടങ്ങും. ഒമ്പത് മണി വരെ നീളുന്ന പൂജയിൽ രാജ്യത്തെ ആധ്യാത്മിക നേതാക്കൾ പങ്കെടുക്കും. സ്വാതന്ത്ര്യ സമരത്തിലെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി സർക്കാർ അവകാശപ്പെട്ട ചെങ്കോൽ ചടങ്ങിൽ പ്രധാനമന്ത്രിക്ക് നൽകും. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും.

Top