കേരളത്തിന്‌ താങ്ങായ സംസ്ഥാനങ്ങള്‍ക്ക് നന്ദി അറിയിച്ച് മന്ത്രി തോമസ് ഐസക്ക്

thomas-issac

തിരുവനന്തപുരം: കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു നമ്മള്‍ നേരിട്ടത്. എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തെ താങ്ങിനിര്‍ത്തിയത്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയ കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടാതെ മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് മഴക്കെടുതിയില്‍ കേരളത്തില്‍ നടന്നത്.

എന്നാല്‍ ഈ ദുരന്തത്തിലും കൈമെയ് മറന്ന് നിരവധി സംസ്ഥാനങ്ങാളാണ് കേരളത്തിന് സഹായവുമായി മുന്നോട്ട് വന്നത്. കേരളത്തിന്റെ വേദനയില്‍ ഒപ്പം നിന്ന മറ്റു സംസ്ഥാനങ്ങള്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ധനമന്ത്രി ഡോ. തോമസ് ഐസക്. ട്വീറ്ററിലൂടെയാണ് മന്ത്രി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നന്ദി അറിയിച്ചത്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ 153 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ തെലുങ്കാനയാണ് 25 കോടി നല്‍കി കേരളത്തെ സാമ്പത്തികമായി ഏറ്റവും അധികം സഹായിച്ചത്. മഹാരാഷ്ട്ര 20 കോടി, ഉത്തര്‍പ്രദേശ് 15 കോടി, മധ്യപ്രദേശ്, ദില്ലി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍,ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നിവര്‍ 10 കോടി, തമിഴ്‌നാട്, ഒഡീഷ അഞ്ച് കോടി, ആസാം മൂന്ന് കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച സഹായം. ഇത് കൂടാതെ, തമിഴ്‌നാട്ടില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍, മഹാരാഷ്ട്രയില്‍ നിന്ന് മെഡിക്കല്‍ ടീം തുടങ്ങി മറ്റ് അനേകം സഹായങ്ങളും കേരളത്തിന് ലഭിച്ചു.

Top