തിരുവനന്തപുരം സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായതായി എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യഷോപ്പുകള്‍ കഴിയുന്നത്ര വേഗം തുറക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തീയതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ബവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 301 മദ്യശാലകളും ഒന്നിച്ച് തുറക്കും. ക്ലബ്ബുകള്‍ തുറക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മദ്യശാലകള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന തിരക്കു പരിഗണിച്ച് ചില പ്രായോഗിക നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി മദ്യത്തിന്റെ ബുക്കിംഗ് ഓണ്‍ലൈന്‍ മുഖേന സ്വീകരിക്കുകയും ഔട്ട്ലെറ്റുകള്‍ വഴി ഈ മദ്യം വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. പണം അടയ്‌ക്കേണ്ടത് ഔട്ട്‌ലറ്റിലാണെന്നും മന്ത്രി വ്യക്തമാക്കി.
സമയത്തിന്റെ കാര്യത്തിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് ബീയറിന്റെയും വൈനിന്റെയും നികുതി 10 ശതമാനവും മറ്റു മദ്യങ്ങള്‍ക്കു വില്‍പ്പന നികുതി 35 ശതമാനവും വര്‍ധിപ്പിച്ചു. ഈ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കാന്‍ കഴിയില്ല. ബാറിലെ പ്രത്യേക കൗണ്ടര്‍ തുറന്ന് അവിടെ മദ്യം പാഴ്‌സല്‍ നല്‍കും. ബവ്‌റിജസ് നിരക്കിലായിരിക്കണം മദ്യം വില്‍ക്കേണ്ടത്. അതിനു നിയമഭേദഗതി തയാറായി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മദ്യം വാങ്ങാന്‍ ആപ്പ് സൗകര്യം ഉണ്ടാകും. ഐടി മിഷനും സ്റ്റാര്‍ട്ട് അപ് മിഷനും ചേര്‍ന്നാണ് ആപ് തയാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.