സംസ്ഥാനത്ത് പുതിയ അഞ്ച് ഐടിഐകള്‍ കൂടി ആരംഭിക്കും; മന്ത്രി ടിപി രാമകൃഷ്ണന്‍

TP Ramakrishnan

കൊച്ചി: ഗവ. ഐ.ടി.ഐകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതുതായി അഞ്ച് ഐ.ടി.ഐകള്‍ കൂടി ആരംഭിക്കുമെന്ന് തൊഴില്‍ നൈപുണ്യവകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍. ആരക്കുഴ ഗവ. ഐ.ടി.ഐയുടെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

ഗ്രാമീണമേഖലകളിലും വ്യാവസായികപരിശീലന സൗകര്യം ഏര്‍പ്പെടുത്തി കൂടുതല്‍ പേര്‍ക്ക് പരിശീലനം നേടാന്‍ അവസരമൊരുക്കുമെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു.സംസ്ഥാനത്ത് നാലു വര്‍ഷത്തിനിടയില്‍ പതിനേഴ് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നിലവില്‍ 99 സര്‍ക്കാര്‍ ഐടിഐകളിലായി 22,000 പേര്‍ക്ക് ഓരോവര്‍ഷവും പ്രവേശനം ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി വ്യാവസായിക പരിശീലനവകുപ്പും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പത്ത് ഐ.ടി.ഐകള്‍ കിഫ്ബി ധനസഹായത്തോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. തിരുവനന്തപുരം ചാക്ക, കോഴിക്കോട് ഐ.ടി.ഐകള്‍ സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ചും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ പന്ത്രണ്ട് ഐ.ടി.ഐകളും രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായികപരിശീലന കേന്ദ്രങ്ങള്‍ എന്ന പദവി കൈവരിക്കും. സംസ്ഥാനത്തെ 99 സര്‍ക്കാര്‍ ഐടിഐകളെയും ഉന്നതനിലവാരത്തിലേക്ക് എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Top