‘വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല’; എല്‍കെജി പ്രവേശനത്തിന് പണം വാങ്ങുന്നത് തടയുമെന്ന് മന്ത്രി

തൃശൂര്‍: വിദ്യാഭ്യാസ കച്ചവടം സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും മികച്ച പഠന സൗകര്യമാണ് നല്‍കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരധ്യാപകനെയും പ്രൈവറ്റ് ട്യൂഷന്‍ നടത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗുരുവായൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ അധ്യയന ദിവസം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതിനാലാണ് 210 പ്രവര്‍ത്തി ദിനം ഉണ്ടാകണമെന്ന് തീരുമാനിച്ചത്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും ഇത് ഉപകാരപ്രദമാകും. ഓരോ അധ്യാപകനും കുട്ടിയുടെ രക്ഷാകര്‍ത്താവാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മതേതരമൂല്യവും ചരിത്രബോധവും ഉള്‍ക്കൊണ്ട് പുതുതലമുറ വളരണം. പാഠപുസ്തകത്തിലൂടെ മാത്രമേ പൊതുചരിത്രം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രഹിക്കാനാകൂ. കേന്ദ്ര സിലബസില്‍ നിന്ന് മാറ്റിയ ചരിത്രപാഠഭാഗങ്ങള്‍ സംസ്ഥാനത്ത് പാഠ്യവിഷയമായി ഉണ്ടാകുമെന്നും സംസ്ഥാനത്ത് ഉപരിപഠനത്തിന് അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുന്നയൂര്‍ക്കുളം കടിക്കാട് ഗവ.ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

Top