തിരുവനന്തപുരം: കോവളത്ത് പൊലീസിന്റെ ഭാഗത്തു നിന്ന് സംഭവിച്ചത് തികച്ചും ഒറ്റപ്പെട്ട സംഭവമെന്നു മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തു പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിനെ അള്ളുവയ്ക്കാന്‍ പൊലീസിലെ ചിലര്‍ ശ്രമിക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ കണ്ടു. സംഭവത്തില്‍, കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡു ചെയ്തിരുന്നു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണു നടപടി.
സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പൊലീസ് നടപടിയെ വിമര്‍ശിച്ചു മന്ത്രി പി.എ.മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തുവച്ചാണു ബവ്‌കോ മദ്യവില്‍പന കേന്ദ്രത്തില്‍നിന്നു അനുവദനീയ അളവില്‍ വാങ്ങിയ മദ്യവുമായി പോയ സ്വീഡിഷ് പൗരന്‍ സ്റ്റീവനെ ബില്‍ ചോദിച്ച് പൊലീസ് തടഞ്ഞത്. ബില്‍ ഇല്ലാതെ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്നു പൊലീസ് പറഞ്ഞതോടെ സ്റ്റീവന്‍ രണ്ടു കുപ്പി മദ്യം റോഡില്‍ ഒഴുക്കി. തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാന്‍ പൊലീസ് അനുവദിച്ചത്.