ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗം; വി ശിവൻകുട്ടി

തിരുവനന്തപുരം: ഫുട്‌ബോള്‍ ആരാധന വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വ്യക്തികളുടെ അവകാശങ്ങളുടെ മേല്‍ കൈ കടത്താന്‍ ആര്‍ക്കും അധികാരമില്ലെന്ന്, ഫുട്‌ബോള്‍ ലഹരിക്കെതിരെ സമസ്ത നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന വ്യക്തികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു. അതുപോലെ സമസ്തയ്ക്ക് നിര്‍ദേശം നല്‍കാനുള്ള അവകാശമുണ്ട്. എന്നാല്‍ അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തികള്‍ക്ക് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഒരുകാര്യത്തിലും അമിതമായ ആവേശമോ സ്വാധീനമോ ഒരു ഇസ്ലാം മതവിശ്വാസിക്ക് ഉണ്ടാകാന്‍ പാടില്ലെന്നും ഫുട്‌ബോള്‍ ഒരു ജ്വരമായി മാറാന്‍ പാടില്ലെന്നുമായിരുന്നു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് വിശ്വാസികളില്‍ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചില കളികളും താരങ്ങളും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും. കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്താണ്. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റെന്നും സമസ്ത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Top