കോട്ടണ്‍ഹില്‍ സ്കൂളിലെ അക്രമത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ അഞ്ചിലും എട്ടിലും പഠിക്കുന്ന വിദ്യാര്‍ഥിനികളെ അജ്ഞാതര്‍ ഉപദ്രവിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി. തലസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്കായുള്ള പ്രധാന സര്‍ക്കാര്‍ സ്‌കൂളിലുണ്ടായ അതിക്രമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. തിങ്കളാഴ്ച പോലീസ് സ്‌കൂളിലെത്തി വിശദമായ അന്വേഷണം നടത്തുമെന്ന് മ്യൂസിയം എസ് എച്ച് ഒ അറിയിച്ചു. തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെ നടത്തിയേക്കുമെന്നാണ് സൂചന. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം രാത്രി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധ്യാപകരുടെ അടിയന്തര ഓണ്‍ലൈന്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തിരുന്നു.

ശുചിമുറിയിലെത്തിയ കുട്ടിയെ മൂന്നാം നിലയിലേക്ക് കൊണ്ടു പോയി തള്ളിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മറ്റൊരു കുട്ടിയെ സംഘം ശുചിമുറിയില്‍ പൂട്ടിയിട്ടതായും പരാതിയുണ്ട്. കുട്ടികള്‍ അധ്യാപകരെ വിവരമറിയിച്ചതോടെ ഇവരെ പിടികൂടാനായി അധ്യാപകര്‍ കാത്തു നിന്നു. എന്നാല്‍ ഇവര്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാന്‍ മാസ്‌കും ശിരോവസ്ത്രവുമൊക്കെ ധരിച്ചാണ് ഇവര്‍ സ്‌കൂളിലെത്തുന്നതെന്നും കുട്ടികള്‍ പറയുന്നു. സ്‌കൂളിലെ കുട്ടികള്‍ മാത്രമാണോ സംഘത്തിലുള്ളതെന്നും രക്ഷിതാക്കള്‍ക്ക് സംശയമുണ്ട്. സ്‌കൂളില്‍ ലഹരി ഉപയോഗിക്കുന്ന മുതിര്‍ന്ന കുട്ടികളുണ്ടെന്നും സൂചനയുണ്ട്. ഇവരുമായി ബന്ധപ്പെട്ടാണ് പ്രധാനമായി സംശയം ഉയരുന്നത്.

Top