കൊച്ചി: എറണാകുളം ജില്ലയിലെ തേവരയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. എറണാകുളം ജില്ലയില്‍ നിലവില്‍ 51 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 245 സാമ്പിളുകള്‍ റാപ്പിഡ് ടെസ്റ്റ് നടത്തിക്കഴിഞ്ഞുവെന്നും ഇതുവരെയുളളതെല്ലാം നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്താന്‍ ഇടയുള്ള മാര്‍ക്കറ്റ്, വെയര്‍ ഹൗസ്സ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണം.
ഉദ്യനഗറിലെ വെയര്‍ ഹൗസില്‍ നിയന്ത്രണം ശക്തമാക്കും. മുനമ്പം ഹാര്‍ബറില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വഞ്ചി വഴി മല്‍സ്യ തൊഴിലാളികള്‍ എത്തുന്നത് വിലക്കുമെന്നും മന്ത്രി അറിയിച്ചു.
ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പോകാന്‍ ആഗ്രഹമുള്ള അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളം വഴി വരുന്ന ആള്‍ക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.
അയ്യപ്പന്‍കാവിലെ കൊവിഡ് സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.